ജഡ്ജിമാര്‍ പദവിയില്‍ നിന്ന് വിരമിച്ച ഉടന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെതിരേ സുപ്രിംകോടതി ജഡ്ജി ഉജ്ജല്‍ ഭുയാന്‍
ന്യൂഡല്‍ഹി : വിരമിച്ച ജഡ്ജിമാര്‍ പദവിയില്‍ നിന്ന് വിരമിച്ച ഉടന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെതിരേ തുറന്നടിച്ച് സുപ്രിംകോടതി ജഡ്ജി ഉജ്ജല്‍ ഭുയാന്‍.
ഇത്തരം നീക്കങ്ങള്‍ ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള ഭരണഘടനാപരമായ വ്യത്യാസം ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.'ഒരു സ്റ്റൂളിന്റെ രണ്ട് കാലുകള്‍ ഒരേ സ്ഥാനത്താണെങ്കില്‍ അത് മറിഞ്ഞുവീഴും; ഇതാണ് അടിസ്ഥാന തത്ത്വം. ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള വിടവ് നികത്താനാണ് രാജ്യസഭയിലേക്ക് പോകുന്നതെന്ന് മുന്‍ ചീഫ് ജസ്റ്റിസ് പറയുന്നത് അടിസ്ഥാനപരമായി തെറ്റാണ്' അദ്ദേഹം പറഞ്ഞു. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിക്കെതിരേയാണ് അദ്ദേഹം ഇത്തരത്തിലൊരു പരോക്ഷ വിമര്‍ശനം നടത്തിയത്.
2020 മാര്‍ച്ചില്‍ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനു പിന്നാലെയാണ് ഗൊഗൊയി ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.കാംപസുകളില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാലത്തേക്ക് ജാമ്യം നിഷേധിക്കപ്പെട്ട സംഭവങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന ജാമ്യ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയ കോടതികളെ വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം, ബിരിയാണി കഴിച്ചെന്ന പേരില്‍ മുസ് ലിം യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. ഗംഗാനദിയില്‍ വച്ച് ചിക്കന്‍ കഴിക്കുന്നത് നിരോധിക്കുന്ന ഒരു നിയമവും രാജ്യത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.